കോവിഡ് 19 :ശ്വാസം മുട്ട് തിരിച്ചറിയാം

കോവിഡ് രോഗം സമൂഹത്തിലാകെ പടർന്നു പിടിച്ചതോടുകൂടി തൊണ്ടവേദനയോ നെഞ്ചുവേദനയോ എന്തെങ്കിലും തരത്തിലുള്ള ശ്വാസംമുട്ടലോ ഉണ്ടായാൽ പൊതുവേ കോവിഡ് രോഗമാണോ എന്ന പേടി ഉണ്ടാകാറുണ്ട് . എന്നാൽ കോവിഡ് രോഗം ബാധിക്കപ്പെടുന്ന 70% ആളുകൾക്കും അസുഖത്തിന്റ്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടാവുകയില്ല. ശക്തമായ പനി, വരണ്ട ചുമ, ഇതിനോടൊപ്പം വരുന്ന ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ മാത്രമേ കോവിഡ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുള്ളൂ. അല്ലാതെ നമുക്ക് വരുന്ന എല്ലാ ശ്വാസം മുട്ടലുകളും കോവിഡ് മൂലമാണോ എന്ന് സംശയിക്കേണ്ടതില്ല. കൊറോണ വൈറസ് ബാധിച്ച 90% ആളുകൾക്കും ഭക്ഷണത്തിന്റ്റെ രുചിയും മണവും അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതായി കാണപ്പെടുന്നു. ഇതിൻറ്റെ കൂടെ പനിയും ശ്വാസം മുട്ടലും ഉണ്ടെങ്കിൽ മാത്രം കോവിഡ് മൂലമുള്ള ശ്വാസം മുട്ടൽ ആണോ എന്ന് സംശയിക്കാം.

കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ പൂർണമായി എടുക്കാൻ പറ്റാത്ത വിധം അനുഭവപ്പെടുക, അതായത് നമ്മൾ പകുതി ശ്വാസം എടുക്കുമ്പോൾ തന്നെ ഉള്ളിൽ തങ്ങി നിൽക്കുന്ന പോലെ അനുഭവപ്പെടുക, ഇതാണ് സാധാരണ കോവിഡ് ബാധിച്ച 90% ആളുകളും കാണിക്കുന്ന ശ്വാസം മുട്ടലിന്റ്റെ ലക്ഷണം. അതോടൊപ്പം ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ചുമ വരുന്നതായും കാണാറുണ്ട്. ഇതൊരു മൂന്ന് നാലു ദിവസത്തേക്ക് നീണ്ടു നില്കും. ഇത്തരത്തിൽ പനിയുടെയോ ചുമയുടെയോ കൂടെ അല്ലാതെ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന ഒരാളിന് പെട്ടെന്ന് വരുന്ന ശ്വാസം മുട്ടൽ കോവിഡ് മൂലമാണെന്ന് സംശയിക്കേണ്ട കാര്യമില്ല.

സാധാരണ വരുന്ന ശ്വാസം മുട്ടലുകൾ കോവിഡ് മൂലമുണ്ടാകുന്ന ശ്വാസം മുട്ടലിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. ആസ്ത്മ രോഗികളിൽ കാലാവസ്ഥ വ്യത്യാസപ്പെടുന്നതനുസരിച്ചോ, കൂടുതൽ സ്‌ട്രെയിൻ എടുക്കുന്നതിനൊപ്പമോ, പൊടിയോ പുകയോ അടിച്ചാലോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം അലർജി ആയാലോ, കൂടുതൽ ടെൻഷൻ വന്നാലോ ശ്വാസം മുട്ടൽ വരാം. അലർജി ഉള്ളവരിൽ വിട്ടുമാറാതെ തുമ്മൽ വന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. അതുപോലെ പൊടി അടിച്ചിട്ട് കണ്ണ് ചൊറിച്ചിലും മൂക്കൊലിപ്പും വരുന്നതിനൊപ്പം ശ്വാസം മുട്ടൽ വരാനും സാധ്യതയുണ്ട്.

ചിലരിൽ നെഞ്ചിൽ കഫക്കെട്ട് വന്നിട്ട് ശ്വാസം മുട്ട് വരാറുണ്ട്. എന്നാൽ കോവിഡ് രോഗികൾക്ക് കഫക്കെട്ട് ഇല്ലാതെ തന്നെ ശ്വാസം മുട്ടൽ വരാം. അമിതമായി ടെൻഷൻ അനുഭവിക്കുന്നവരിലും ശ്വാസം മുട്ടൽ വരാറുണ്ട്. ഇത്തരക്കാർ പനിയോടൊപ്പമാണ് ശ്വാസം മുട്ടൽ വരുന്നതെങ്കിൽ മാത്രം കോവിഡ് ആണോ എന്ന് പരിശോധിക്കേണ്ടതുള്ളൂ. വാരിയെല്ലുകൾക്കു ചുറ്റുമുള്ള മസിലുകൾക്ക് നീർക്കെട്ട് വന്നാലോ വീക്കം വന്നാലോ ശ്വാസം എടുക്കുമ്പോൾ നെഞ്ചുവേദന വരികയോ ശ്വാസം തങ്ങി നിൽക്കുന്നതുപോലെയോ വരാം. ഇതും കോവിഡ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട.

അസിഡിറ്റി അഥവാ ഗ്യാസ്ട്രൈറ്റിസ് ഉള്ളവരിൽ രാത്രി ഭക്ഷണം കഴിച്ചു കിടന്നു കഴിയുമ്പോൾ കഴിച്ച ഭക്ഷണം തികട്ടി വരുന്നതുപോലെയും ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതുപോലെയും കാണാറുണ്ട്. ഇതും കോവിഡ് മൂലമാണെന്ന് സംശയിക്കേണ്ടതില്ല. ശ്വാസം മുട്ടലും അത് കോവിഡുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും കൂടുതൽ അറിയുവാനായി ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply