ചെവി വേദന: കാരണവും പരിഹാരങ്ങളും

മഴക്കാലത്ത് പൊതുവെ ചെറിയ കുട്ടികളിലും വലിയവരിലും ഒരു പോലെ കണ്ടു വരുന്ന പ്രശ്നമാണ് ചെവിയിലെ അണുബാധ അല്ലെങ്കിൽ ചെവി വേദന.
നമ്മുടെ ചെവിക്ക് മൂന്ന് ഭാഗങ്ങൾ ഉണ്ട്. ബാഹ്യകർണ്ണം (എക്സ്റ്റേർണൽ ഇയർ ) , പാട കഴിഞ്ഞുള്ള എല്ലുകളുള്ള മധ്യ കർണ്ണം പിന്നെ ആന്തരിക കർണ്ണം എന്നിങ്ങനെ ആണ് ആ മൂന്ന് ഭാഗങ്ങൾ. ഇതിൽ ബാഹ്യകർണ്ണത്തിലും മധ്യകർണ്ണത്തിലും ആണ് പ്രധാനമായും അണുബാധ ഉണ്ടാകാറുള്ളത്.

ഇയർബഡ്‌സോ, പിന്നോ, തീപ്പട്ടികൊള്ളിയോ, ക്ലിപ്പോ ഉപയോഗിച്ച് ചെവി വൃത്തിയാക്കുമ്പോൾ ചെവിയുടെ തൊലിപ്പുറത്തു ചെറിയ പോറലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മുറിവിലൂടെ അണുക്കൾ പ്രവേശിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ഈ അണുബാധ കാരണം പഴുത്തു നീരുവന്ന് ചെവി അടഞ്ഞു പോകുന്നതായും കാണപ്പെടാറുണ്ട്.

ബാഹ്യകർണ്ണത്തിൽ അണുബാധ ഉണ്ടാകുന്നത് ഇത്തരത്തിലാണ്. ഇത് ഒഴിവാക്കാനായി നമ്മൾ ചെയ്യേണ്ടത് ചെവിയിൽ പിന്നോ, ഇയർബഡ്‌സോ പോലുള്ള ഒരു സാധനവും ഇടാതിരിക്കുക എന്നതാണ്. കാരണം സാധാരണയായി ചെവി വൃത്തിയാക്കേണ്ട ഒരു കാര്യവും ഇല്ല. ചെവി സ്വാഭാവികമായും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നത് ചെവിയിൽ കണ്ടുവരുന്ന എണ്ണ പോലുള്ള ചെവിക്കായമാണ്.

ചെവിക്കായം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും നല്ല ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ശേഷിയുള്ള ഘടകമാണ്. ഇത് ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ചെവിക്കുള്ളിൽ വെള്ളം കയറിയാൽ പോലും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ചിലർക്ക് ഈ ചെവിക്കായം പുറത്തുപോകാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ ഉള്ളവർ ഒരു ‘ഇ എൻ ടി ‘ ഡോക്ടറെ കണ്ടു അത് എടുത്ത് കളയുകയാണ് വേണ്ടത്. അല്ലാതെ ഒരു കാരണവശാലും ബഡ്‌സ് ഉപയോഗിച്ച് വൃത്തി ആക്കാൻ ശ്രമിക്കരുത്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ബാഹ്യ കർണ്ണത്തിലെ അണുബാധ കുറയ്ക്കാം.

മധ്യ കർണ്ണത്തെ ബാധിക്കുന്ന അണുബാധയാണ് ഓട്ടൈറ്റിസ് മീഡിയ. ഇത് രണ്ടു തരത്തിലുണ്ട്, പനിയോ, ജലദോഷമോ കൊണ്ടുണ്ടാകുന്നവയെ അക്യൂട്ട് ഓട്ടൈറ്റിസ് മീഡിയ എന്നും ഒരുപാടു നാൾ നീണ്ടുനിൽക്കുന്നവയെ ക്രോണിക് ഓട്ടൈറ്റിസ് മീഡിയ എന്നുമാണ് തരംതിരിച്ചിരിക്കുന്നത്. അതുപോലെ ക്രോണിക് ഓട്ടൈറ്റിസ് മീഡിയ രണ്ടു തരത്തിലുണ്ട്.

മ്യുക്കോസൽ ഡിസീസും സ്‌ക്വാമോസൽ ഡിസീസും. സ്‌ക്വാമോസൽ ഡിസീസ് വളരെ അപകടകാരിയാണ്. ഇത് പെട്ടെന്ന് തന്നെ ചികിൽസിച്ചു ഭേദമാക്കേണ്ടത് അത്യാവശ്യമാണ്. അക്യൂട്ട് ഓട്ടൈറ്റിസ്മീഡിയയുടെയും ക്രോണിക് ഓട്ടൈറ്റിസ്മീഡിയയുടെയും ചികിത്സാവിധികൾ വ്യത്യസ്തമാണ്.
അക്യൂട്ട് ഓട്ടൈറ്റിസ്മീഡിയയുടെയും ക്രോണിക് ഓട്ടൈറ്റിസ്മീഡിയയുടെയും ചികിത്സാവിധികളെ കുറിച് വിശദമായി അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply