നിത്യോപയോഗ സാധങ്ങൾ ആണ് വിമുക്തമാക്കൽ

കോവിഡ് വ്യാപനത്തിന്റ്റെ പശ്ചാത്തലത്തിൽ നമ്മൾ വീട്ടിൽ നിന്ന് പുറത്തു പോയി തിരിച്ചു വരുമ്പോൾ നമ്മുടെ നിത്യോപയോഗ വസ്തുക്കളും നമ്മൾ വാങ്ങി കൊണ്ട് വരുന്ന സാധനങ്ങളും എങ്ങനെ അണുവിമുക്തമാക്കി ഉപയോഗിക്കാം ? ഇവ അണുവിമുക്തമാക്കാൻ പ്രധാനമായും നാലു തരം ക്ലീനിങ് ഏജൻറ്റുകൾ ഉപയോഗിക്കാം. സോപ്പും വെള്ളവും, 60 %നു മുകളിൽ ആൽക്കഹോൾ കണ്ടെൻറ്റ് അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസറുകൾ, 1 % ഹൈപ്പോ ക്ലോറേറ്റ് സൊല്യൂഷൻ, സോഡാപ്പൊടി (അപ്പക്കാരം) കലക്കിയ വെള്ളം എന്നിവയാണ് മേൽപ്പറഞ്ഞ നാല് ക്ലീനിങ് ഏജൻറ്റുകൾ.
നിത്യോപയോഗ സാധനങ്ങളായ ഹെൽമെറ്റ്, കണ്ണട, വാച്ച്, മോതിരം, പേന തുടങ്ങി കഴുകിയാൽ നശിച്ചു പോകാത്ത സാധനങ്ങൾ സോപ്പ് ലായനി ഉപയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കാം.സോപ്പ് വെള്ളത്തിൽ മുക്കിയെടുത്ത തുണി ഉപയോഗിച്ചോ ടിഷ്യു പേപ്പറിൽ സാനിറ്റൈസർ ഒഴിച്ചോ ഇവ നമുക്ക് അണുവിമുക്തമാക്കാം.

ബ്ലൂടൂത്ത് ഹെഡ്സെറ്റ്, മൊബൈൽ ഫോൺ, കയ്യിൽ കെട്ടുന്ന ഹെൽത്ത് ട്രാക്കർസ്, ഡിജിറ്റൽ വാച്ചുകൾ, കാറിൻറ്റെ റിമോട്ട് കീകൾ, ലാപ്ടോപ്പ് തുടങ്ങിയ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വസ്തുക്കളെല്ലാം ഹാൻഡ് സാനിറ്റൈസറോ റബ്ബിങ് ആൽക്കഹോളൊ ഉപയോഗിച്ച് മാത്രമേ വൃത്തിയാക്കാൻ പാടുള്ളു. ഒരു കാരണവശാലും സോപ്പ് വെള്ളം ഉപയോഗിക്കരുത്.ഫർണിച്ചറുകൾ, ബാത്റൂം, ഫ്രിഡ്ജ്, ഡോർ ഹാൻഡിൽ, കാർ സ്റ്റിയറിംഗ് തുടങ്ങിയവ വൃത്തിയാക്കാൻ 1% ഹൈപ്പോ ക്ലോറേറ്റ് സൊല്യൂഷൻ ഉപയോഗിക്കാം.

ഈ സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ഒരു ചെറിയ കപ്പിൽ നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൌഡർ എടുക്കുക. എന്നിട്ട് 100 ml വെള്ളം ഒഴിച്ച് കുഴമ്പ് പരുവത്തിലാക്കിയ ശേഷം കപ്പ് നിറയുന്നത് വരെ വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കുക. അതിനു ശേഷം 10 മിനുട്ട് നേരം തെളിയാൻ വയ്ക്കുക. എന്നിട്ട് ഒരു ബക്കറ്റിൽ നാലു ലിറ്റർ വെള്ളം എടുത്തിട്ട് അതിലേക്ക് കപ്പിൽ നിന്നും വേർതിരിച്ചെടുത്ത മുകളിലുള്ള തെളിഞ്ഞ ലായനി ഒഴിക്കുക. ഇങ്ങനെ നമുക്ക് നാല് ലിറ്റർ 1 % ഹൈപ്പോ ക്ലോറേറ്റ് സൊല്യൂഷൻ തയ്യാറാക്കാം. ഈ സൊല്യൂഷൻ നമുക്ക് വൈറസ് അണുബാധ ഉണ്ടെന്ന് സംശയിക്കുന്ന എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കാൻ ഉപയോഗിക്കാം.

പച്ചക്കറികളും പഴങ്ങളും അണുവിമുക്തമാക്കാൻ സോഡാപ്പൊടി (അപ്പക്കാരം) ഉപയോഗിക്കാം. ഒരു ലിറ്റർ വെള്ളത്തിൽ ഒന്നോ ഒന്നരയോ ടീ സ്പൂൺ സോഡാപ്പൊടി ഇട്ട് നന്നായി ഇളക്കിയ ശേഷം ഈ വെള്ളത്തിലേക്ക് പഴങ്ങളും പച്ചക്കറികളും 20 മിനുട്ട് മുക്കി വച്ചതിനുശേഷം എടുത്തു തുടച്ചു വൃത്തിയാക്കി ഉപയോഗിക്കാം.അതുപോലെ നമ്മൾ പുറത്തുപോയി വരുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ കഴിവതും വീടിനു പുറത്തുള്ള ബാത്‌റൂമിൽ സോപ്പ് വെള്ളത്തിൽ മിനിമം 15 മിനുട്ട് മുക്കി വച്ച ശേഷം കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ഇതുപോലെയുള്ള നിത്യോപയോഗ സാധനങ്ങൾ അണുവിമുക്തമാക്കി ഉപയോഗിക്കുന്നതിനെ പറ്റി കൂടുതൽ അറിയുവാനായി ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply