കോവിഡ് ബാധ എങ്ങനെ തിരിച്ചറിയാം

കോവിഡ് ബാധിച്ച 70% പേരിലും പ്രകടമായ ലക്ഷണങ്ങൾ കാണാറില്ല. ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസം മുട്ട്, വയറിളക്കം തുടങ്ങിയവയാണ് ബാക്കിയുള്ള 30% കോവിഡ് രോഗികളിൽ കണ്ടു വരുന്ന ലക്ഷണങ്ങൾ. കോവിഡ് തിരിച്ചറിയാനായി പ്രധാനമായും മൂന്ന് ടെസ്റ്റുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. ‘ആർ ടി പി സി ആർ’ ടെസ്റ്റ് ആണ് ഇതിൽ കോവിഡിൻറ്റെ തുടക്കകാലം മുതൽ ചെയ്തുവരുന്ന ടെസ്റ്റ്.

മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ സ്രവം എടുത്ത് അതിൽ നിന്നും കൊറോണ വൈറസിന്റ്റെ ‘ആർ എൻ എ’ തിരിച്ചറിയുന്ന ടെസ്റ്റ് ആണ് ഇത്. ഈ ടെസ്റ്റ് ചെയ്യുന്നതിന് ഏകദേശം 24 മണിക്കൂർ സമയം വേണ്ടി വരുമെങ്കിലും പരിശോധനാ ഫലത്തിന് ഏകദേശം 70 മുതൽ 80% വരെ കൃത്യത ഉണ്ടായിരിക്കും.
‘ആർ ടി പി സി ആർ’ ടെസ്റ്റ് പോലെ മൂക്കിലെയോ തൊണ്ടയിലെയോ സ്രവം പരിശോധിച്ച് കൊറോണ വൈറസിന്റ്റെ പ്രോട്ടീൻ കോട്ട് തിരിച്ചറിയുന്ന ടെസ്റ്റ് ആണ് ‘ആന്റ്റിജൻ’ ടെസ്റ്റ്. ഏകദേശം 10-20 മിനുട്ടിനുള്ളിൽ പരിശോധനാ ഫലം കിട്ടുമെങ്കിലും 50 മുതൽ 60% കൃത്യതയേ ഉണ്ടായിരിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ കോവിഡിന്റ്റെ ലക്ഷണങ്ങൾ എല്ലാമുണ്ടായിരിക്കുകയും ആന്റ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കുകയും ചെയ്താൽ ‘ആർ ടി പി സി ആർ’ ടെസ്റ്റ് കൂടി ചെയ്യേണ്ടി വരും.നമ്മുടെ ശരീരത്തിൽ നിന്നും രക്തം എടുത്ത് അതിൽ കൊറോണ വൈറസിനെതിരെയുള്ള ആന്റ്റിബോഡിയുടെ സാനിദ്ധ്യം തിരിച്ചറിയുന്ന ടെസ്റ്റ് ആണ് ‘ആന്റ്റിബോഡി’ ടെസ്റ്റ് അഥവാ ‘റാപിഡ്’ ടെസ്റ്റ്.

വൈറസ് പോലെ പുറത്തു നിന്നും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ വേണ്ടി നമ്മടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ഉല്പാദിപ്പിക്കുന്നവയാണ് ആന്റ്റിബോഡികൾ. ഏകദേശം അഞ്ചു മുതൽ ആറു ദിവസങ്ങൾക്കു ശേഷമാവും ഇവ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുക. ഇത്തരം ആന്റിബോഡിയുടെ സാനിദ്ധ്യം തിരിച്ചറിയുന്ന ടെസ്റ്റ് ആണ് ‘ആന്റിബോഡി’ ടെസ്റ്റ്.

ഇതിൽ രണ്ടു തരം ആന്റിബോഡികൾ ഉണ്ട്.ഐ ജി എം ആന്റിബോഡിയും ഐ ജി ജി ആന്റിബോഡിയും. നമ്മുടെ ശരീരത്തിൽ വൈറസ് ബാധിച്ചു അഞ്ചാറു ദിവസത്തിനുള്ളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ ആണ് ഐ ജി എം ആന്റിബോഡികൾ. റാപിഡ് ടെസ്റ്റ് വഴി ഈ ആന്റിബോഡിയുടെ സാനിധ്യം തിരിച്ചറിഞ്ഞാൽ ആ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിക്കാം.

നമ്മുടെ ശരീരം ഇതുപോലെയുള്ള വൈറസുകൾ ഒരിക്കൽ വന്നുപോയാലും ഭാവിയിൽ വരാതിരിക്കാനായി ഉല്പാദിപ്പിക്കുന്ന ആന്റിബോഡികൾ ആണ് ഐ ജി ജി ആന്റിബോഡികൾ. ഇവ നമ്മുടെ ശരീരത്തിൽ ദീർഘകാലം നിലനിൽക്കും. ആന്റിബോഡി ടെസ്റ്റിൽ ഐ ജി എം ഫാക്ടർ നെഗറ്റീവ് ആയിരിക്കുകയും ഐ ജി ജി ഫാക്ടർ പോസിറ്റീവ് ആവുകയും ചെയ്താൽ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച കൊറോണ വൈറസ് ഇല്ലാതായിരിക്കുന്നു എന്ന് മനസിലാക്കാം.
കോവിഡ് പരിശോധനാ മാർഗങ്ങളെ പറ്റി കൂടുതൽ വിശദമായി അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply