കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കൂട്ടാൻ

നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയും ജനിതക ഘടനയെയും ജീവിത ശൈലിയെയും അടിസ്ഥാനമാക്കിയാണ്. ഇത് കാലക്രമേണ ആർജ്ജിക്കുന്നതാണ്. നമ്മുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, മിനറലുകൾ,ആൻറ്റി ഒക്സിഡന്റ്റുകൾ എന്നിവയാണ് പ്രധാനമായും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത്. അതുകൊണ്ട് ഈ കോവിഡ് കാലത്ത്‌ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ഏതൊക്കെയാണെന്നും അവ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും നമുക്ക് നോക്കാം.

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിൻ വിറ്റാമിൻ സി ആണ്. വിറ്റാമിൻ സി യുടെ പ്രധാന സ്രോതസ്സ് പേരക്കയാണ്.100 ഗ്രാം പേരക്കയിൽ പ്രതിദിനം നമുക്കാവശ്യമുള്ളതിൻറ്റെ അഞ്ചിരട്ടിയോളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതുപോലെ കിവി ഫ്രൂട്ടിൽ നമുക്കാവശ്യമുള്ളതിൻറ്റെ രണ്ടിരട്ടിയും കാപ്സിക്കത്തിൽ നിന്ന് ഒന്നര ഇരട്ടിയോളവും വിറ്റാമിന് സി ലഭ്യമാണ്. സ്ട്രോബെറി, ഓറഞ്ച്, പപ്പായ, തക്കാളി, ബ്രോക്കോളി തുവരൻ പയർ, ചീര എന്നിവയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി പോലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു വിറ്റാമിന് ആണ് വിറ്റാമിൻ ഇ. ഇതൊരു ആൻറ്റി ഓക്സിഡൻറ്റ് കൂടിയാണ്.നമ്മുടെ ശരീര കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിച്ചു രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വീണ്ടെടുക്കാൻ ആൻറ്റി ഓക്സിഡന്റ്റുകൾ സഹായിക്കുന്നു.ഏറ്റവും കൂടുതൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് സൂര്യകാന്തിയുടെ വിത്തിലാണ് .ബദാം, കപ്പലണ്ടി, അവക്കാഡോ, ബെറീസ്, മാമ്പഴം ,കിവി ,ചീര ,തുവരപ്പരിപ്പ് എന്നിവയിൽ വിറ്റാമിൻ ഇ നിശ്ചിത അളവിൽ ഉണ്ട്. മീൻ,താറാവ്,വാത്ത, കക്കാ ,ചിപ്പി ,മീൻ ,ചെമ്മീൻ മുതലായ മൽസ്യമാംസാദികളിലും ഇത് ധാരാളമായി കാണപ്പെടുന്നു.

വിറ്റാമിൻ ഇ പോലെ പ്രധാനപ്പെട്ട മറ്റൊരു ഫാറ്റ് സോല്യൂബിൾ വിറ്റാമിൻ ആണ് വിറ്റാമിൻ എ. വിറ്റാമിന് എ യുടെ പ്രീ കഴ്സർ ഫോം ആയ കരോട്ടിനോയിഡ് രൂപത്തിലാണ് പഴ വർഗങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നത്. ഇത് നമ്മുടെ ശരീരത്തിൽ എത്തിച്ചേർന്നതിന് ശേഷം വിറ്റാമിന് എ ആയി രൂപാന്തരം പ്രാപിക്കുന്നു. വിറ്റാമിന് എ രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനോടൊപ്പം ത്വക്കിനും കണ്ണിനും വളരെ പ്രധാനപ്പെട്ടതാണ്. പോത്തിൻറ്റെയും ആടിൻറ്റെയും കരളിൽ ആണ് വിറ്റാമിന് എ കൂടുതലായി കാണപ്പെടുന്നത്.ബ്രോക്കോളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, പേരക്ക, മാമ്പഴം, തണ്ണിമത്തൻ, തക്കാളി, ചീര എന്നിവയിലും കരോട്ടിനോയിഡ് അടങ്ങിയിട്ടുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട വിറ്റാമിന് ആണ് വിറ്റാമിൻ ഡി. വിറ്റാമിന് ഡി പ്രതിരോധശേഷി വര്ധിപ്പിക്കുന്നതിനൊപ്പം നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും ബലവും നൽകുന്നു.രാവിലെ പത്തു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള വെയിൽ കൊള്ളുന്നത് വഴിയും കടൽ മൽസ്യങ്ങളായ ചാള, ചൂര, അയല മുതലായവ കഴിക്കുന്നത് വഴിയും വിറ്റാമിന് ഡി ലഭിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റൊരു വിറ്റാമിൻ ആണ് ഫോളേറ്റ്സ്. കടും പച്ച നിറത്തിലുള്ള ഇലവര്ഗങ്ങളായ ചീര, മുരിങ്ങയില, ബ്രോക്കോളി, ലെറ്റയുസ് തുടങ്ങിയവയിലും പയർ വര്ഗങ്ങളിലും പാൽ, മുട്ട, മീൻ ഇറച്ചി മുതലായവയിലും ഫോളേറ്റ്സ് അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് മിനറലുകൾ ആണ് അയൺ, സെലീനിയം, സിങ്ക് എന്നിവ. മീൻ, ഇറച്ചി എന്നിവയിലാണ് അയൺ കൂടുതലായുള്ളത്. കൂടാതെ ചീര, മുരിങ്ങയില, ബ്രോക്കോളി തുടങ്ങിയ ഇല വര്ഗങ്ങളിലും ചെറിയ തോതിൽ അയൺ അടങ്ങിയിട്ടുണ്ട്.അലര്ജി രോഗങ്ങളെയും ഓട്ടോ ഇമ്മ്യൂൺ ഡിസീസിനെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് സെലീനിയം. ഇവ കൂടുതലായി കാണപ്പെടുന്നത് വെളുത്തുള്ളിയിൽ ആണ്.കൂടാതെ ബ്രോക്കോളി, ചാള, ചൂര, അയല, ഞണ്ട്, കൊഞ്ച്, കണവ, ചിപ്പി, കല്ലുമ്മേൽ കായ എന്നിവയിലും സെലീനിയം അടങ്ങിയിട്ടുണ്ട്.

വൈറസ് രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്ന മിനറൽ ആണ് സിങ്ക്. പാലുല്പന്നങ്ങൾ, പോത്തിറച്ചി, ഷെൽ ഫിഷെസ്, പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിലും സിങ്ക് ധാരാളമായി ഉണ്ട്.ഇവയോടൊപ്പം ചിട്ടയായ വ്യായാമം, ശരിയായ ഉറക്കം, ആരോഗ്യപരമായ ജീവിത ശൈലി എന്നിവ കൂടി ചേരുമ്പോൾ വിറ്റാമിന് ഗുളികകളോ സപ്പ്ളിമെൻറ്റുകളോ വാങ്ങി കഴിക്കാതെ തന്നെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം.

Leave a Reply